ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാംബൂ മിഷന്റെ ബാംബൂ തൈ വിതരണ പദ്ധതി ഉദ്ഘാടനവും തൈ നടീൽ പരിപാടിയും സംഘടിപ്പിച്ചു.
August 4, 2026
വാഴക്കാട് : ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാംബൂ മിഷന്റെ ബാംബൂ തൈ വിതരണ പദ്ധതി ഉദ്ഘാടനവും തൈ നടീൽ പരിപാടിയും സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (BMC), കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് പ്ലാന്റ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചാലിയാർ നദീതീരത്ത് എളമരം കടവിലാണ് പദ്ധതി നിർവ്വഹണത്തിനും മുളന്തൈ നടീലിനും തുടക്കം കുറിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ സയന്റിസ്റ്റും ഡയറക്ടർ ഇൻ-ചാർജുമായ പ്രദീപ് മുഖ്യഅതിഥിയായിരുന്നു.
ചാലിയാർ പുഴയോര സംരക്ഷണത്തിനും ജൈവവൈവിധ്യ പരിപാലനത്തിനും വലിയ ഊന്നൽ നൽകുന്നതാണ് ഈ പദ്ധതിയെന്ന് യോഗം ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ വാഴക്കാട്, പുഷ്പ എം., ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, വാർഡ് മെമ്പർമാരായ കെ.സി മുത്തുകോയ തങ്ങൾ, കെ.എം ജമീല ടീച്ചർ, സജിത രാജേഷ്, ലീല രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികളും സംബന്ധിച്ചു.
ബോട്ടാണിക്കൽ ഗാർഡനിലെ ജൂനിയർ സയന്റിസ്റ്റുമാരായ ഡോ. മഞ്ജുള കെ.എം., ഡോ. ബി. രഘുപതി, സംസ്ഥാന പരിസ്ഥിതി കൗൺസിൽ ജൂനിയർ സയന്റിസ്റ്റ് ഡോ. അജീഷ് കുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൈവവൈവിധ്യ പരിപാലന സമിതി ജില്ലാ കോ-ഓർഡിനേറ്റർ അനിൽകുമാർ, അസോസിയേറ്റ് പ്രൊഫസർ നസ്രുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് ബി.എം.സി. അംഗങ്ങളായ അൻവർ ഷെരീഫ്, എക്സൽ ജമാൽ, എം.പി. ചന്ദ്രൻ, ഷുക്കൂർ, ഫാത്തിമ മണ്ണറോട്ട് എന്നിവരും വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് എളമരം കടവിലും പരിസരങ്ങളിലും മുളന്തൈകൾ നട്ടു.