വാഴക്കാട് ഗ്രാമപഞ്ചായത്ത് 'ഓർമ്മത്തിരി' വയോജന സംഗമം സംഘടിപ്പിച്ചു
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച 'ഓർമ്മത്തിരി' വയോജന സംഗമം ശ്രദ്ധേയമായി. ചാലിയാർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള എഴുനൂറോളം വയോജനങ്ങൾ പങ്കെടുത്തു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ടി.പി അഷ്റഫലി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് പദ്ധതി വിശദീകരണം നടത്തി.
മുൻ വർഷങ്ങളിൽ വയോജനങ്ങൾക്കായി പഞ്ചായത്ത് നടത്തിയ ഒത്തുചേരലുകളുടെയും, ഓരോ വാർഡിൽ നിന്നും ഓരോ ബസ്സ് ക്രമീകരിച്ച് നടത്തിയ മലമ്പുഴ വിനോദയാത്രയുടെയും കഴിഞ്ഞ വർഷത്തെ കോഴിക്കോട് കടൽത്തീര ഉല്ലാസയാത്രയുടെയും തുടർച്ചയായാണ് ഈ വർഷവും വിപുലമായ സംഗമം ഒരുക്കിയത്.ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ വി.കെ സുരേഷ് ബാബു സ്നേഹഭാഷണവും, അന്താരാഷ്ട്ര ലാഫ്റ്റർ യോഗ പരിശീലകനും ചിരി ക്ലബ്ബ് പ്രതിനിധിയുമായ ഡോ. എ.പി.എ റഹ്മാൻ നർമ്മഭാഷണവും നടത്തി സദസ്സിന് നവ്യാനുഭവമേകി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട് സ്വാഗതവും, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.ഇ മുംതാസ് ഊർക്കടവ്, എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന സലീം, വാർഡ് മെമ്പർമാരായ സജിത രാജേഷ്, കെ. ഭാസ്കരൻ മാസ്റ്റർ, കെ.സി മുത്തുക്കോയ തങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി ബി, എച്ച്.ഐ രാജേഷ് ബി ആശംസകളും അർപ്പിച്ചു.
വിവിധ വാർഡ് മെമ്പർമാരായ മൈമൂന കരിമ്പനക്കുഴി, കെ.എം. ജമീല ടീച്ചർ, കെ.വി. മുഹമ്മദ്, കരീം പള്ളിയാളി, മുനീർ പുളിയേക്കൽ, ഹഫ്സ ടീച്ചർ, ഷുബിൽ മായിപ്പയിൽ, പി.പി. സുഹ്റ, ലീല രാധാകൃഷ്ണൻ, ചിത്ര മണ്ണറോട്ട്, നസീറ ഫാസിൽ, നാരായണൻ മീനങ്ങോട്ട്, അഷ്റഫ് ചേനിയത്ത് നേതൃത്വം നൽകി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമ പി. നന്ദിയും പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ പങ്കാളിത്തത്തോടെ നടന്ന വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് സംഗമം സമാപിച്ചത്.