ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് വാഴക്കാട്: 'തൂഫാൻ തദ്ദേശം' ശ്രദ്ധേയമായി

കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട്' കാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'തൂഫാൻ തദ്ദേശം' പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ പതാക ഉയർത്തലും ഉദ്ഘാടനവും നിർവ്വഹിച്ചു.

വാഴക്കാടിനെ സമ്പൂർണ്ണ ലഹരിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വാർഡ് തല ജാഗ്രത സമിതികളുടെ പുനഃസംഘടന, സന്നദ്ധ വോളണ്ടിയർമാരുടെ രൂപീകരണം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിപുലമായ കർമ്മപദ്ധതികൾക്കാണ് ഇതോടെ പഞ്ചായത്തിൽ തുടക്കമാകുന്നത്. ആഭ്യന്തര മന്ത്രി നിർവ്വഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാഴക്കാട് പോലീസ് SHO സുരേഷ് സാർ ലഹരിവിരുദ്ധ നിയമനടപടികളെയും പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഓ പ്രജീഷ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ വാഴക്കാട്, സി.ഇ. മുംതാസ് ബീഗം, പുഷ്പ എം. എന്നിവരും വിവിധ വാർഡ് മെമ്പർമാരും സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നന്ദി സജീഷ് വി രേഖപ്പെടുത്തി. ചടങ്ങിൽ ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

'തൂഫാൻ തദ്ദേശം'