Malappuram District
എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് നവീകരണം: എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

October 29, 2026

​വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
​യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ബസ് സ്റ്റാൻഡ് പരിസരം ഇന്റർലോക്ക് ചെയ്തും, ബസ് ട്രാക്കിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തും നവീകരിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, ശുചിത്വ മിഷനുമായി സഹകരിച്ച് യാത്രക്കാർക്കായി ബസ് സ്റ്റാൻഡിനോട് ചേർന്ന് 'ടേക്ക് എ ബ്രേക്ക്' (Take a Break) വിശ്രമ-ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയും പഞ്ചായത്ത് ആവിഷ്കരിക്കുന്നുണ്ട്.
​ബസ് സ്റ്റാൻഡിൽ പ്രാവർത്തികമാക്കാവുന്ന സമഗ്ര വികസന സാധ്യതകൾ വിലയിരുത്തുന്നതിനും, ഫണ്ട് വകയിരുത്തിയ പദ്ധതികളുടെ വിശദമായ എസ്റ്റിമേറ്റ് എത്രയും വേഗം തയ്യാറാക്കുന്നതിനുമാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് എന്നിവർ വ്യക്തമാക്കി.
​സന്ദർശനത്തിൽ വാർഡ് മെമ്പർമാരായ മുനീർ പുളിയേക്കൽ, എസ്.സി. മുത്തുകോയ തങ്ങൾ, കരീം പള്ളിയാളി, അസിസ്റ്റന്റ് എൻജിനീയർ (എ.ഇ), ഓവർസിയർ, മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് നവീകരണം: എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു