പണിക്കരപുറായ ജി.എൽ.പി സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി
June 6, 2026
വാഴക്കാട്: അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ വരവേൽക്കാൻ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പണിക്കരപുറായ ജി.എൽ.പി സ്കൂളിൽ വെച്ച് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നവാഗതരായ വിദ്യാർത്ഥികളെ മധുരവും സമ്മാനങ്ങളും നൽകി അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ വാഴക്കാട്, പുഷ്പ എം, വാർഡ് മെമ്പർമാരായ കെ.എം ജമീല ടീച്ചർ, ഹഫ്സത്ത് ടീച്ചർ, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, പി.ടി.എ. പ്രസിഡന്റ് റിയാസ് നന്മണ്ട, എസ്.എം.സി. ചെയർമാൻ സുബൈർ പുൽപറമ്പിൽ, പി.ടി.എ വൈസ് പ്രസിഡണ്ട് ജയരാജൻ, രതീഷ് (ബി.ആർ.സി), നാരായണൻ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ പണിക്കരപുറായ ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക മഞ്ജുള ടീച്ചർ സ്വാഗത പ്രസംഗവും, സീനിയർ അസിസ്റ്റന്റ് ദിവ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തതോടെ പ്രവേശനോത്സവം ജനകീയ ഉത്സവമായി മാറി.